ചരിത്രത്തിലാദ്യമായി സൗദിയില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍
ഇന്ത്യന്‍ വ്യോമ സേനയുടെ എട്ട് വിമാനങ്ങള്‍ ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി. റിയാദിലെ റോയല്‍ എയര്‍ഫോഴ്‌സ് ബേസില്‍ ഇന്ത്യന്‍ സംഘത്തെ സൗദി വ്യോമ സേനയും ഇന്ത്യന്‍ അംബാസഡറും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യാ-സൗദി ഉഭയകക്ഷി സൗഹൃദത്തില്‍ സൈനിക നയതന്ത്രം മികച്ച പങ്കാണ് വഹിക്കുന്നതെന്ന് വ്യോമ സേനാ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. ഡിഫന്‍സ് അറ്റാഷെ കേണല്‍ ജി എസ് ഗ്രിവാല്‍, സൗദി റോയല്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
145 വ്യോമ സേനാ അംഗങ്ങളാണ് റിയാദിലെത്തിയത്. ഇവരിലേറെയും സിറിയ, തുര്‍ക്കി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുടെ ദുരന്ത നിവാരണ ദഹൗത്യമായ ഓപറേഷന്‍ ദോസ്തില്‍ പങ്കെടുത്തവരാണ്. അഞ്ച് മിറാജ് ഫൈറ്റര്‍ ജെറ്റ്, രണ്ട് സി17, ഒരു ഐഎല്‍ 78 ടാങ്കര്‍ എന്നിവയാണ് സൗദിയിലെത്തിയത്.
സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം കോബ്രാ വാരിയര്‍ സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിന് യുകെയിലേക്ക് തിരിച്ചു.