ബീഇന്‍ ചാനലുകളുടെ സംപ്രേഷണം യുഎഇയില്‍ മുടങ്ങും

ബീഇന്‍ ചാനലുകളുടെ സംപ്രേഷണം യുഎഇയില്‍ മുടങ്ങും

ദുബായ്: രാജ്യത്ത് ബീഇന്‍ ചാനലുകളുടെ സംപ്രേഷണം മുടങ്ങുമെന്ന് റിപ്പോർട്ട്. പ്രമുഖ ടെലകോം വിതരണ ദാതാക്കളായ ഇത്തിസലാത്തിന് കീഴിലെ ടിവി ചാനല്‍ വിതരണ സംവിധാനമായ ഇ ലൈഫില്‍ ജൂണ്‍ ഒന്ന് മുതല്‍ ബീഇന്‍ ചാനലുകള്‍ മുടങ്ങുമെന്നാണ് ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

എന്നാൽ സംപ്രേഷണം മുടങ്ങുന്നതിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ കമ്പനി വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ പിന്നീട് ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെയോ 2023 ജൂൺ ഒന്നിനോ അതിന് മുമ്പോ അറിയിക്കുമെന്നും ഇത്തിസലാത്ത് വാർത്താകുറിപ്പില്‍ പറയുന്നു. 

സ്പോർട്സ് ചാനലുകള്‍ ഉള്‍പ്പടെ ബീഇന്റെ നിരവധി ചാനലുകള്‍ ഇലൈഫ് വഴി ലഭ്യമാക്കുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

ചാനലുകൾ പ്രക്ഷേപണം ചെയ്യുന്ന ഒരു ആഗോള കായിക വിനോദ മാധ്യമ ഗ്രൂപ്പാണ് ബീഇന്‍. ചില പ്രധാന കായിക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനാൽ ബീഇന്‍ന്റെ സ്പോർട്സ് ചാനലുകൾ യുഎഇ നിവാസികൾക്കിടയിൽ ജനപ്രിയമാണ്.