അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചു: മെസിക്ക് വിലക്കുമായി പിഎസ്ജി
റിയാദ്: അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചുവെന്ന പേരിൽ അർജന്റീനിയൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ലയണൽ മെസിയെ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്പെൻഷൻ കാലത്ത് ക്ലബ്ബിൽ പരിശീലനത്തിനും അനുവാദമുണ്ടായിരിക്കില്ല.
മാത്രമല്ല രണ്ടാഴ്ചക്കാലത്ത് ക്ലബ്ബിൽ നിന്നുള്ള പ്രതിഫലവും മെസിക്ക് ലഭിക്കില്ല. സൗദിയുടെ ടൂറിസം അംബാസഡർ കൂടിയായ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അംബാഡസറായതിന് പിഴയും മെസി നൽകണം. പിഎസിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.
ലയണൽ മെസ്സിയും കുടുംബവും ചൊവ്വാഴ്ചയാണ് റിയാദിലെ ദിരിയയിലെ ചരിത്ര പ്രസിദ്ധമായ അൽ-തുറൈഫ് പരിസരത്ത് പര്യടനം നടത്തിയത്. മെസ്സിയും ഭാര്യ അന്റോണേല റൊക്കൂസോയും മക്കളായ മാറ്റെയോയും സിറോയും തങ്ങളുടെ അവധിക്കാലം അസ്വദിക്കാൻ സൗദിയിലെത്തിയ ആദ്യ ദിവസം തന്നെ റിയാദ് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഒരു ആധികാരിക സൗദി ഫാം സന്ദർശിച്ചിരുന്നു.
സൗദിയിലെ സമൃദ്ധിയുടെ പ്രതീകമായ ഈന്ത് മരങ്ങളുടെ പശ്ചാത്തലത്തിൽ അവർ ഈന്തപ്പന നെയ്ത്ത് പ്രകടനവും കണ്ടു ആസ്വദിച്ചിരുന്നു. ഫാമിലുണ്ടായിരുന്ന അറേബ്യൻ മാനുകളോടൊപ്പം കളിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്‌തു കൊണ്ട് കുടുംബം ആദ്യ ദിനം ചെലവഴിച്ചു. അതിന് ശേഷമാണ് മെസ്സിയും കുടുംബവും ദിരിയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് സന്ദർശിച്ചത്.
സൗദി അറേബ്യൻ ടൂറിസം അംബാസഡറായ മെസി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തിയിരിക്കുന്നത്. ഇതേ ആവശ്യത്തിനായുള്ള മെസിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ വർഷത്തെ തന്റെ ആദ്യ സന്ദർശന വേളയിൽ മെസി ചരിത്രപ്രധാനമായ ജിദ്ദയിൽ പര്യടനം നടത്തിയിരുന്നു.