യുഎഇ-ഇന്ത്യ: പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണെന്ന് വിസ് എയർ അബുദാബി
ദുബായ്: യുഎഇയുടെ അശ്രാ കോസ്റ്റ് എയർലൈനായ വിസ് എയർ അബുദാബി ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണെന്ന് വിസ് എയർ അബുദാബിയുടെ ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ജോഹാൻ ഈദാഗൻ പറഞ്ഞു.
“വളരെ ഉയർന്ന ഡിമാൻഡുള്ളതിനാൽ ഞങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സർവ്വീസുകൾ നോക്കുകയാണ്. നിലവിൽ അതിനായുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോവുകയാണ്. ഞങ്ങൾ ആ വിപണിയിൽ പ്രവേശിക്കുകയാണെങ്കിൽ ഞങ്ങൾക്ക് റൂട്ടുകൾ പ്രഖ്യാപിക്കാൻ കഴിയും" അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങളും എയർലൈൻ നടത്തിവരുന്നുണ്ട്. നിലവിൽ വിസ് എയർ അബുദാബി 24 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
യുഎഇയിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 56.3% വർധന വന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. ഈ വർഷം ആദ്യ പാദത്തിൽ 3.18 കോടി യാത്രക്കാരാണ് യുഎഇയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്.
2022ലെ ആദ്യപാദത്തിൽ 1.14 കോടി യാത്രക്കാരായിരുന്നുവെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി അറിയിച്ചിരുന്നു. കോവിഡിനു മുൻപുണ്ടായിരുന്ന സ്ഥിതി വീണ്ടെടുക്കുന്നതിന്റെ സൂചനയാണിത്. ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, ഫ്ലൈ ദുബായ്, വിസ് എയർ അബുദാബി എന്നീ മൂന്ന് എയർലൈനുകൾ ലോകത്തെ 20 മികച്ച സുരക്ഷിത ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇടംപിടിച്ചതായും സൂചിപ്പിച്ചു.
മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് യുഎഇയിലെ വ്യോമയാന മേഖല 14% സംഭാവന ചെയ്യുന്നുണ്ട്. പ്രമുഖ രാജ്യങ്ങളിൽ പോലും ഇത് രണ്ട് മുതൽ മൂന്ന് ശതമാനം കവിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.