ദുബായിൽ പുതിയതായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ബീച്ചുകൾ തുറന്നു

ദുബായിൽ പുതിയതായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ബീച്ചുകൾ തുറന്നു

ദുബായ്: ദുബായിൽ 24 മണിക്കൂറും നീന്താൻ അനുവദിക്കുന്ന മൂന്നു പുതിയ ബീച്ചുകൾ തുറന്നു. ജുമൈറ 2, ജുമൈറ 3, ഉംസുഖീം–1 എന്നിവിടങ്ങളിലാണു പുതിയ ബീച്ചുകൾ തുറന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിനു ലൈഫ് ഗാർഡുകളുടെ സേവനമുണ്ടാകുമെന്നു നഗരസഭ അറിയിച്ചു. 

ബീച്ചിലെ നിയമാവലികൾ വിശദമാക്കുന്ന ഇലക്ട്രോണിക് സ്ക്രീനുകളും സ്ഥാപിച്ചു. 800 മീറ്റർ പ്രദേശത്താണ് രാത്രികാല നീന്തൽ അനുവദിക്കുക. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സൂര്യാസ്തമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും നീന്താം. 

ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ അത്യാധുനിക രക്ഷാപ്രവർത്തനവും എമർജൻസി ടൂളുകളും ഉപയോഗിക്കുന്ന യോഗ്യതയുള്ള ലൈഫ് ഗാർഡുകൾ ബീച്ചുകളിലുണ്ട്. ലൈഫ് ഗാർഡുകൾ വിസിൽ ഉപയോഗിച്ച് നീന്തുന്നവരുടെ നീന്തൽ കാലയളവ് അടയാളപ്പെടുത്താനുമുണ്ടാകും. 

നീന്തൽക്കാരെ നിരീക്ഷിക്കാൻ ലൈഫ് ഗാർഡുകളെ സഹായിക്കുന്ന തെളിച്ചമുള്ള ലൈറ്റിംഗ് സംവിധാനങ്ങളാണ് ബീച്ചിൽ ഉള്ളത് ബീച്ച് യാത്രക്കാർക്കിടയിൽ സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്ന സന്ദേശങ്ങൾ ഇലക്ട്രോണിക് സ്ക്രീനുകൾ പ്രദർശിപ്പിക്കും. ബീച്ചുകളിലെ രാത്രി നീന്തൽ സമയക്രമം സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയായിരിക്കും.

നിർദിഷ്ട ബീച്ചുകളിൽ മാത്രമേ രാത്രികാല നീന്തൽ അനുവദിക്കു. മറ്റു ബീച്ചുകളെ രാത്രികാല നീന്തലിനായി ഉപയോഗിക്കരുത്. കുട്ടികളുമായി ബീച്ചിൽ ഇറങ്ങുന്ന രക്ഷിതാക്കൾ സദാ ജാഗരൂകരാകണമെന്നു ഓർമിപ്പിച്ചു. പുതിയ സൗകര്യം ബീച്ച് ടൂറിസത്തിൽ ദുബായുടെ ഖ്യാതി ഉയർത്തുമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ നിർമിച്ച രാപ്പകൽ ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു.