സാമ്പത്തിക തട്ടിപ്പ് തടയണം: രേഖകൾ പരിശോധിക്കാൻ നൂതന നെറ്റ്‌വർക്ക്; പുതിയ നീക്കവുമായി യുഎഇ ബാങ്ക് ഫെഡറേഷൻ

സാമ്പത്തിക തട്ടിപ്പ് തടയണം: രേഖകൾ പരിശോധിക്കാൻ നൂതന നെറ്റ്‌വർക്ക്; പുതിയ നീക്കവുമായി യുഎഇ ബാങ്ക് ഫെഡറേഷൻ

ദുബായ്: രാജ്യത്തെ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനായി രേഖകൾ പരിശോധിക്കാൻ പുതിയ നെറ്റ്‌വർക്ക് ആരംഭിച്ചതായി യുഎഇ ബാങ്ക് ഫെഡറേഷന്റെ അറിയിപ്പ്. വ്യാജ രേഖകൾ തടയാൻ ബാങ്ക് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും  വ്യാജമായി നിർമ്മിച്ച രേഖകൾ കണ്ടെത്തുന്നതിൽ ഇവ വിജയിച്ചിട്ടുണ്ടെന്നും യുഎഇ ബാങ്ക് ഫെഡറേഷൻ ഡയറക്ടർ ജനറൽ ജമാൽ സാലിഹ് പറഞ്ഞു.

“ബാങ്കിൽ സമർപ്പിക്കുന്ന രേഖകൾ യഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ഒരു പുതിയ നെറ്റ്‌വർക്ക് രൂപപ്പെടുത്തിയിട്ടുണ്ട്. വസ്തുക്കളും കമ്പനികളും മറ്റും വിൽക്കാൻ രേഖകൾ വ്യാജമായി നിർമ്മിച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വഞ്ചനകളെ നേരിടാൻ ഉപഭോക്താക്കളുടെ അവബോധവും വിദ്യാഭ്യാസവും വളരെ പ്രധാനമാണ്" എന്നും അദ്ദേഹം പറഞ്ഞു. 

അതോടൊപ്പം ഇത്തരം വെല്ലുവിളികളെ നേരിടാൻ നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ വളരെ സജീവമായി യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് തങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നതെന്നും സാലിഹ് കൂട്ടിച്ചേർത്തു.

 2023 ലെ അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് ഫ്രോഡ് എക്സാമിനേഴ്സ് (ACE) ഫ്രോഡ് കോൺഫറൻസ് മിഡിൽ ഈസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.