ജലവിനോദങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍: അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവ്

ജലവിനോദങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍: അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവ്

ചാലക്കുടി: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. പാര്‍ക്കില്‍ ജലവിനോദങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സ്വിമ്മിങ് പൂളുകള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. 

ജില്ലയില്‍ നിന്നുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ തീം പാര്‍ക്കില്‍ പരിശോധന നടത്തിയിരുന്നു. തൃശ്ശൂര്‍ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കൂടാതെ വാട്ടര്‍ തീം പാര്‍ക്കിലെ വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യ വിഭാഗം ശേഖരിക്കുകയും ചെയ്തു. ഈ പരിശോധനകൾക്ക് ശേഷമാണ് പാർക്ക് പൂട്ടാൻ ഉത്തരവിട്ടത്.

എറണാകുളത്ത് നിന്ന് പാര്‍ക്കില്‍ വിനോദയാത്രയ്ക്കായി എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പനി ബാധിക്കാന്‍ ഇടയായ സാഹചര്യമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ പനിയും, വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സ തേടിയിരുന്നു. 

എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. പനങ്ങാട് സ്‌കൂളിലെ സമപ്രായക്കാരായ 25 ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചത്. പനങ്ങാട് സ്‌കൂളില്‍ നിന്നും അഞ്ച് ബസ്സുകളിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

ആലുവയില്‍ മാത്രം പത്തിലധികം വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നത്. ഗൂഗിള്‍ ഫോം വഴി ഫെബ്രുവരി പതിനേഴാം തീയ്യതിക്ക് ശേഷം പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അനേഷണം ആരംഭിച്ചു. പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ കണ്ടതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.