താനൂർ ബോട്ടപകടം: അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല

താനൂർ ബോട്ടപകടം: അപകടമുണ്ടായ  അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങളെന്ന് കണ്ടെത്തൽ. അപകടമുണ്ടായ  അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനുണ്ടായിരുന്നില്ല. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും മുന്‍പാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു. ബോട്ടിൽ പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം. 

അതേസമയം പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായ ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്. 

അതിനിടെ പൂരപ്പുഴ ഭാഗത്ത്‌ ഇന്നലെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്നും  അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും മന്ത്രി കെ. രാജന്‍ അറിയിച്ചു. ടിക്കറ്റ് എടുത്തവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കാണാതായവരെ കുറിച്ച് അറിയാൻ മറ്റുമാർഗം ഇല്ലെന്നും മന്ത്രി പറഞ്ഞു. 

നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്ലാൻഡിക്ക ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 22 പേരാണ് മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പരമാവധി 25 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടായിരുന്നു അപകടത്തിൽപെട്ടത്. ബോട്ടപകടത്തിന്‍റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.