എസ്എസ്‌എൽസി ഫലപ്രഖ്യാപനം നാളെ: ഫലം കാത്തിരിക്കുന്നത് നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

എസ്എസ്‌എൽസി ഫലപ്രഖ്യാപനം നാളെ: ഫലം കാത്തിരിക്കുന്നത് നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: എസ്എസ്‌എൽസി ഫലം നാളെ പ്രഖ്യാപിക്കും. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. 

ഇത്തവണ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷ എഴുതി. 

ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.

പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകളുടെ വിവരങ്ങൾ വൈകാതെ തന്നെ അധികൃതർ പുറത്ത് വിടും. നിലവിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫലപ്രഖ്യാപനം നാളെ മൂന്ന് മണിക്കാണെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

സിബിഎസ്ഐ പരീക്ഷാ ഫലം നേരത്തെ പുറത്ത് വന്നിരുന്നു. 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയത്.