എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. 

ആകെ 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി ഫലവും മന്ത്രി പ്രഖ്യാപിക്കും. മേയ് 20 എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 

മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 

സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി. 

ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിച്ചു. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിച്ചിരുന്നു.