എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: ഹരിത ധവള നീലിമയിൽ കണ്ണൂരിന്റെ വീഥികൾ

എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: ഹരിത ധവള നീലിമയിൽ കണ്ണൂരിന്റെ വീഥികൾ

കണ്ണൂര്‍: എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന് ആവേശം പകർന്ന് ഒന്നര ലക്ഷം വിദ്യാർഥികൾ അണിനിരന്ന റാലി. 'നമ്മള്‍ ഇന്ത്യന്‍ ജനത' എന്ന പ്രമേയത്തില്‍ ആറു ദിവസമായി കണ്ണൂരില്‍ നടന്നുവരുന്ന സമ്മേളനം ഇന്ന് സമാപിക്കും. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിയും തുടര്‍ന്നുള്ള പൊതു സമ്മേളനവും ഗോൾഡൻ ഫിഫ്റ്റിയെ ഉജ്ജ്വലമാക്കി.    

കണ്ണൂര്‍ പ്രഭാത് ജങ്ഷനില്‍ നിന്നാരംഭിച്ച് ജവഹര്‍ സ്‌റ്റേഡിയത്തിലാണ് റാലി സമാപിച്ചത്. ജവഹർ സ്റ്റേഡിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ മുഖ്യപ്രഭാഷണം നടത്തും. 27 മുതല്‍ ആരംഭിച്ച രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഘടന ക്യാമ്പിനും ഇന്ന് സമാപനമാവും.     

സമ്മേളന ഭാഗമായി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന പുസ്തകലോകം പുസ്തകോത്സവത്തില്‍ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും സന്ദര്‍ശനം നടത്തുന്നത്. എജുസൈന്‍ എന്ന ശീര്‍ഷകത്തിലുള്ള കരിയര്‍ എക്‌സ്‌പോയും ശ്രദ്ധേയമായിരുന്നു. കരിയര്‍ വിഭാഗമായ വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി)യുടെ നേതൃത്വത്തിലാണ് എജുസൈന്‍ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. 

 250 ല്‍ അധികം കരിയര്‍ മെന്റര്‍മാരുടെ സേവനം, 25ലധികം കേന്ദ്ര സര്‍വകലാശാല പ്രതിനിധികള്‍, 15 ലധികം അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ കരിയര്‍ എക്‌സപോയുടെ ഭാഗമായി. സമ്മേളനത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥി സമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, അഭിമുഖം, സംവാദം, ചരിത്രപ്രദര്‍ശനം, ഓപണ്‍ ഫോറം, പ്രഭാഷണങ്ങള്‍ സംഘടന ക്യാമ്പ് അടക്കമുള്ള വിവിധ പരിപാടികള്‍ നടന്നു. 

സാംസ്‌കാരിക പരിപാടികളിൽ രാജ്യത്തിന്റെ വർത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂട മുഖപത്രങ്ങളും ജനാധിപത്യവും, അംബേദ്കറിന്റെ രാഷ്ട്ര സങ്കലപ്പങ്ങൾ, ഫാഷിസത്തിന്റെ സാമൂഹിക ഭാവനകൾ, മതേതര കേരളം: ആകുലതകൾ, ആശ്വാസങ്ങൾ, ചരിത്രത്തിന്റെ നിറം മാറ്റങ്ങൾ, വ്യാജ നിർമിതികളുടെ ബദലുകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

 കരിയർ മെന്റർമാരുടെ സേവനം,  കേന്ദ്ര സർവകലാശാല പ്രതിനിധികൾ, സർവകലാശാല പ്രതിനിധികൾ തുടങ്ങിയ കരിയർ എക്സ്പോ സമ്മേളനത്തിൽ ശ്രദ്ധേയമായി. വിവിധ മേഖലകളിലെ പ്രമുഖരായ എഴുത്തുകാര്‍ ഇതിനകം തന്നെ സമ്മേളനത്തിന്റെ ഭാഗമായി. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായി.

കൂടാതെ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡിക്കല്‍, എഞ്ചിനീയറിങ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂനിവേഴ്‌സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, അപ്‌സ്‌കില്ലിങ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന നൂറോളം സ്റ്റാളുകള്‍ എജുസൈനില്‍ സ്ഥാപിച്ചിരുന്നു.