സെപ നികുതിയിളവ്: ഇനി ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും ബാധകം
ദുബായ്: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സെപ) പ്രകാരമുളള നികുതി ഇളവ് ഇനിമുതൽ ചെറുകിട സ്വർണ ഇറക്കുമതിക്കാർക്കും ബാധകമാകും. ഇതിന്റെ ഭാഗമായി, യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നവർക്ക് നികുതിയിളവ് നൽകുന്നതിനായി തയാറാക്കിയ പട്ടിക വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ വൻകിട സ്വർണ വ്യാപാരികൾക്ക് മാത്രം ലഭിച്ചിരുന്ന ഇറക്കുമതിച്ചുങ്കം ഇളവാണ് ചെറുകിടക്കാർക്കും ലഭിക്കുന്നത്. നേരത്തേയുണ്ടായിരുന്ന 78 വൻകിട ഇറക്കുമതിക്കാരുടെ പട്ടിക റദ്ദാക്കി പുതിയ അപേക്ഷ ക്ഷണിച്ചു. ഇനി പുതിയ അപേക്ഷകരുടെ പേരുകൂടി ചേർത്ത് പട്ടിക വിപുലീകരിക്കും.
ഇന്ത്യൻ സർക്കാറാണ് കൂടുതൽ വ്യാപാരികൾക്ക് ഇളവ് നൽകുന്നതിനായി പട്ടിക വിപുലീകരിക്കുന്നത്. നിലവിൽ 25 കോടി രൂപക്കുമേൽ വാർഷിക വിറ്റുവരവുള്ള 78 വൻകിടക്കാർക്ക് മാത്രമാണ് സെപ കരാർ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നത്. നിലവിൽ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാൽ സെപ പട്ടികയിലുള്ളവർക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നൽകിയാൽ മതി.
പുതിയ നിർദേശം വന്നതോടെ ഈ ആനുകൂല്യം കൂടുതൽ സ്വർണ വ്യാപാരികൾക്ക് ലഭിക്കും.പുതിയ നിർദേശം അനുസരിച്ച് 78 പേർ മാത്രം ഉൾപ്പെട്ട ഇറക്കുമതി പട്ടിക കേന്ദ്രം റദ്ദാക്കി. ചെറുകിടക്കാർക്കുകൂടി അവസരം ലഭിക്കുന്ന രീതിയിൽ പുതിയ അപേക്ഷ ക്ഷണിക്കും.
ജി.എസ്.ടി രജിസ്ട്രേഷനുള്ള ജ്വല്ലറിക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുകയും സെപയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.ഇതോടെ, 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർക്കും ഇളവ് ലഭിക്കും. നിലവിൽ 15 ശതമാനം ഇറക്കുമതിച്ചുങ്കം നൽകിയാണ് ഇവർ സ്വർണം ഇറക്കുമതി ചെയ്യുന്നത്. ഒരു ശതമാനം ഇളവ് ലഭിക്കുന്നത് വലിയ ആശ്വാസമാകും.
വൻകിടക്കാർക്ക് മാത്രം ഇളവ് നൽകിയതോടെ യു.എ.ഇയിൽനിന്ന് പ്രതീക്ഷിച്ചത്ര സ്വർണം ഇറക്കുമതി നടന്നില്ല. ആദ്യ വർഷം സെപ പ്രകാരം 120 ടൺ സ്വർണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചെങ്കിലും നടന്നത് 10 ടണ്ണിൽ താഴെ മാത്രമാണ്. ഈ വർഷം 140 ടൺ സ്വർണം ഇറക്കുമതിയാണ് ലക്ഷ്യം. അഞ്ചു വർഷത്തിനകം ഇത് സാമ്പത്തിക വർഷത്തിൽ 200 ടൺ എന്ന നിലയിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു.
പുതിയ നിർദേശം വന്നതോടെ കൂടുതൽ ഇറക്കുമതി നടക്കുമെന്നാണ് കരുതുന്നത്.കഴിഞ്ഞ വർഷമാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ സെപ കരാർ ഒപ്പുവെച്ചത്.ഇരുരാജ്യങ്ങളും തമ്മിലെ എണ്ണയിതര ഇടപാട് 100 ശതകോടി ഡോളറിൽ എത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. സ്വർണത്തിന് പുറമെ, വിവിധ ഉൽപന്നങ്ങൾക്കും സെപ കരാർ വഴി നികുതിയിളവ് നൽകുന്നുണ്ട്.