റിയാദിൽ തീപിടുത്തം: മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരിച്ചു
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ നാല് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു. മരിച്ച മലയാളികളിൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളാണ് രണ്ട് പേർ. മരിച്ചുവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്ന് പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആറുപേരുടെയും മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മലയാളിസംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.