സൗദി അറേബ്യയ്ക്ക് ഇന്ന് ചരിത്ര നിമിഷം: ബഹിരാകാശത്തേക്ക് കുതിക്കാൻ റയ്യാന ബർണാവി

സൗദി അറേബ്യയ്ക്ക് ഇന്ന് ചരിത്ര നിമിഷം: ബഹിരാകാശത്തേക്ക് കുതിക്കാൻ റയ്യാന ബർണാവി

ഫ്ലോറിഡ: സൗദി അറബ്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിചേർത്ത് റയ്യാന ബർണാവി ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും. സൗദിയിലെ പ്രശസ്ത യുദ്ധവിമാന പൈലറ്റായ അലി അൽ ഖർനിയും എഎക്സ്-2 എന്ന സ്വകാര്യ ദൗത്യത്തിൽ റയ്യാനക്കൊപ്പമുണ്ടാവും.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.37 നാണ് സ്പെയ്സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ദൗത്യസംഘവുമായി കുതിച്ചുയരുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.

ദൗത്യം വിജയമായാല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സൗദി വനിത എന്ന ബഹുമതി സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിക്ക് സ്വന്തമാകും. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

ഫാൽക്കൺ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റിൽ നാല് സഞ്ചാരികളാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ് സൺ ആയിരിക്കും മിഷൻ ലീഡ്. ജോൺ ഷോഫ്നർ ആണ് മിഷൻ പൈലറ്റ്. 

സൗദിയിൽ നിന്ന് തന്നെയുള്ള അലി അഖാർണിയും റയ്യാന ബർണാവിയുമാണ് എഎക്സ്-2 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുകൾ. സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റയ്യാന പറഞ്ഞു. 

രാജ്യത്തെ ലിംഗസമത്വം കൊണ്ടുവരാനായി സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റയ്യാനയുടെ ബഹിരാകാശ യാത്ര. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച ആദ്യ  അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുൽത്താൻ അൽ നെയാദി കൈവരിച്ചിരുന്നു. 

അദ്ദേഹം ഇപ്പോഴും ബഹിരാകാശ നിലയത്തിലാണ്. 1988-ൽ ജിദ്ദയിൽ ജനിച്ച റയ്യാന ന്യൂസീലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്നു ബയോ മെഡിക്കൽ സയൻസസിൽ ബിരുദവും അൽഫൈസൽ സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.