ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു: പ്രയോജനപ്പെടുത്തി പ്രവാസികള്‍

ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു: പ്രയോജനപ്പെടുത്തി പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് പ്രയോജനപ്പെടുത്തി പ്രവാസികള്‍. ബുധനാഴ്ച ഡോളറിനെതിരെ 82 രൂപ 38 പൈസയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത്. ഇതോടെ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു ഒരു ദിർഹത്തിന് 22 രൂപ 43 പൈസയിലേക്കെത്തി.

ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ ചൊവ്വാഴ്ച വൈകീട്ട് 82 രൂപ 25 പൈസയില്‍ അവസാനിപ്പിച്ച വ്യാപാരമാണ് 10 പൈസയിടിഞ്ഞ് 82 രൂപ 35 പൈസയിലെത്തിയത്. പിന്നീട് 82 രൂപ 38 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ നേരിയ നേട്ടത്തോടെ 82 രൂപ 35 ലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ ഡോളർ വിപണിയില്‍ ശക്തിപ്പെട്ടതും ഇന്ത്യന്‍ ഓഹരി വിപണിയിലെ തളർച്ചയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഗൽഫിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ മുതൽ തന്നെ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ.