സ്പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: കമ്പനിക്കെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്തതായി റിപ്പോർട്ട്

സ്പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: കമ്പനിക്കെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്തതായി റിപ്പോർട്ട്

ന്യൂഡൽഹി: ഗോ ഫസ്റ്റിന് പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ചതായാണ് റിപ്പോര്‍ട്ട്. 

സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടി നോട്ടീസ് അയക്കുകയും മെയ് 17 കേസിന്റെ വിചാരണയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു. എയര്‍കാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചെന്നും സ്‌പൈസ് ജെറ്റിനെതിരെ പ്രതികൂലനടപടിയ്ക്ക് സാധ്യതയില്ലെന്നുമാണ് സ്‌പൈസ് ജെറ്റ് വക്താവിന്റെ വിശദീകരണം. 

അതേസമയം നിലവില്‍ എയര്‍കാസിലിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്നും അതിനാല്‍ എയര്‍കാസിലിന്റെ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കഴിഞ്ഞയാഴ്ച സ്‌പൈസ്‌ജെറ്റിന്റെ അവകാശവാദം. ഏപ്രില്‍ 28-നാണ് എയര്‍കാസില്‍ സ്‌പൈസ് ജെറ്റിനെതിരെ കേസ് ഫയല്‍ചെയ്യുന്നത്. നാല് ബോയിങ് എയര്‍ക്രാഫ്റ്റുകള്‍ വാടകയ്‌ക്കെടുത്തതിന്റെ കുടിശ്ശികയടയക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയര്‍കാസിലിന്റെ പരാതി. 

പാപ്പര്‍ നിയമസംഹിതയുടെ(IBC) വകുപ്പ് 9 പ്രകാരം പാപ്പര്‍ നടപടികളാരംഭിക്കണമെന്നായിരുന്നു എയര്‍കാസില്‍ ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്പൈസ് ജെറ്റിന്റെ നിലനിൽപ്പിനെ പറ്റിയുള്ള ആശങ്ക നേരത്തെ തന്നെ കമ്പനി സൂചിപ്പിച്ചിരുന്നു. ഒമ്പതു മാസങ്ങളിൽ 1,514 കോടിയുടെ നഷ്ടമാണ് സ്പൈസ് ജെറ്റ് നേരിട്ടത്. 

ആഭ്യന്തരവിപണിയിൽ 6.9 ശതമാനം വിഹിതമാണ് നിലവിൽ ബജറ്റ് യാത്രക്കാരെ ലക്ഷ്യമിടുന്ന സ്പൈസ് ജെറ്റിനുള്ളത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇന്ത്യൻ ബജറ്റ് എയർ ലൈൻസായ ഗോ ഫസ്റ്റ് സാമ്പത്തിക ബാധ്യതകളെ തുടർന്ന് പാപ്പരത്വ നടപടികളിലേക്കു നീങ്ങുകയാണെന്ന വാർത്ത പുറത്തു വന്നിരുന്നത്.