വേനൽ ചൂടിന് ആശ്വാസം: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു

വേനൽ ചൂടിന് ആശ്വാസം: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു

അബുദാബി: വേനൽച്ചൂടിന് ആശ്വാസം പകർന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ് ലഭിച്ചത്. മേഘാവൃതമായ അവസ്ഥയും മഴയും കുറഞ്ഞത് ചൊവ്വാഴ്ച വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും തെക്കൻ പ്രദേശങ്ങളായ അബുദാബി, അൽ ഐൻ തുടങ്ങിയ പ്രദേശങ്ങളിൽ. കാലാവസ്ഥ മേഘാവൃതമായതിനാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM)  അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ഫുജൈറ, അബുദാബി അൽദഫ്റ എന്നിവിടങ്ങളിൽ ആരംഭിച്ച മഴ വിവിധ പ്രദേശങ്ങളിലായി ഇന്നലെയും തുടർന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 
ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. 

ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ടാങ്കർ ഉപയോഗിച്ചാണ് നഗരസഭ റോഡിലെ വെള്ളം നീക്കിയത്. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ നേരിയ മഴയാണ് ലഭിച്ചത്. 

വെള്ളക്കെട്ട്, റോഡിൽ പൊടി കുമിഞ്ഞുകൂടുക, മരം വീഴുക തുടങ്ങിയ സന്ദർഭങ്ങളിൽ 993 ഹോട്ട് ലൈൻ നമ്പറിലോ 026788888 വാട്സാപ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. മഴയും കാറ്റും ഇടിമിന്നലും ഉള്ളപ്പോൾ നിർമാണ കേന്ദ്രങ്ങളിലെ ടവർ ക്രെയിൻ, താൽക്കാലിക ക്രെയിൻ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

കെട്ടിടം പൊളിക്കാനും പാടില്ല. നിർമാണ കേന്ദ്രങ്ങൾക്കു ചുറ്റും താൽക്കാലിക മതിൽ പണിയണമെന്നും നിർദേശിച്ചു. മാത്രമല്ല അസ്ഥിരമായി നിൽക്കുന്ന കാലാവസ്ഥയിൽ സുരക്ഷിതമായും വേഗം കുറച്ചും വാഹനമോടിക്കണം. കെട്ടിടങ്ങളിലേക്ക് പൊടി കയറാതിരിക്കാൻ വാതിലും ജനലും അടച്ചിടണം. 

പൊടിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് പോകതിരിക്കാൻ ശ്രദ്ധിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് യഥാർഥ ഉറവിടത്തെ മാത്രം ആശ്രയിക്കണം. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതരുടെ നിർദേശമുണ്ട്.