ക്യാന്‍സർ പ്രതിരോധം: പുതിയ വാക്സിന് അംഗീകാരം നല്‍കി ഖത്തർ
ദോഹ: സെർവിക്കല്‍ ക്യാന്‍സർ ഉള്‍പ്പടെയുളള മാരകമായ ക്യാന്‍സറുകള്‍ക്ക് കാരണമാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിന് അംഗീകാരം നല്‍കി ഖത്തർ.
ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ അഥവാ എച്ച് പി വി വാക്‌സിൻ വിതരണം ചെയ്യാനാണ് പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
ഖത്തറിലെ അംഗീകൃത വാക്‌സിനുകൾക്കൊപ്പം ഇതും കൂട്ടി ചേർത്തതായി അധികൃതർ അറിയിച്ചു. 11 മുതൽ 26 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളെയും, പെൺകുട്ടികളെയുമാണ് വാക്‌സിൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ ദേശീയ പ്രതിരോധ പ്രോഗ്രാമുകളുടെ ഭാഗമായി 125 രാജ്യങ്ങൾ ഈ വാക്‌സിൻ ഉപയോഗിക്കുന്നുണ്ട്. 11-14 വയസ്സ് പ്രായമുള്ളവർക്ക് രണ്ട് ഡോസുകളായി വാക്‌സിൻ നൽകും.
15 മുതൽ 26 വരെ പ്രായമുള്ളവർക്ക് മൂന്ന് ഡോസുകളായും നൽകുന്നതാണ്. 45 വയസ്സ് വരെയുള്ള രോഗസാധ്യതയുള്ളവർക്കും വാക്‌സിൻ പ്രയോജനപ്പെടുത്താം.