ഐജിഎസ്ടി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി) ഇനത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഷയം പലതവണ ചർച്ച ചെയ്തതാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ ചൂണ്ടിക്കാട്ടി. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിഷയം പുതിയതാണെന്നും വളരെ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ധനമന്ത്രി ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് വിസ്മയിപ്പിക്കുന്നുവെന്നും ചർച്ചകളെ സർക്കാർ ഭയക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് അടിയന്തര പ്രമേയ ചർച്ചയെ ഭയപ്പെടുന്ന ഭരണപക്ഷം ഇന്നലെ മുതൽ നാണംകെട്ടു നിൽക്കുകയാണെന്ന് പരിഹസിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതിയുടെ നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബജറ്റിൽ ഐജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും, ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഐജിഎസ്ടി സംബന്ധിച്ച എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ട് സഭയിൽ വച്ചിട്ടില്ല. നാനൂറോളം ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉത്തരം പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇതുപോലൊരു വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാട് അദ്ഭുതപ്പെടുത്തുന്നു. എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്. ചർച്ച നടന്നാൽ ഉചിതമായ നിർദേശങ്ങൾ ഉയർന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാത്രമല്ല, ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് പരാതി. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്നാണ് ആരോപണം.
കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തത്. എ. പി. അനിൽകുമാർ ആണ് സ്പീക്കർക്ക് പരാതി നൽകിയത്. അതേസമയം, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. നികുതി പിരിവിൽ വളരെ മെച്ചമുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി.