ലോക റാങ്കിങ്ങില്‍ ഒന്നാമത്: ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര

ലോക റാങ്കിങ്ങില്‍ ഒന്നാമത്: ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര

ന്യൂഡൽഹി: ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ലോക ഒന്നാം നമ്പർ താരമായി മാറി. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. 

 2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്. 1455 പോയന്റാണ് നീരജിനുള്ളത്. രണ്ടാമതുള്ള ഗ്രനാഡയുടെ ആൻഡേഴ്സണ് 1433 പോയന്റും മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ് ലെച്ചിന് 1416 പോയന്റുമുണ്ട്. 

ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385), പാകിസ്ഥാന്റെ അര്‍ഷദ് നദീം (1306) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.  2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സമ്മാനിക്കുന്നത്. 

ദോഹയില്‍ മേയ് അഞ്ചിന് നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. 2022 ഓഗസ്റ്റ് മുതൽ നീരജ് ലോകറാങ്കിങ്ങിൽ രണ്ടാമതായിരുന്നു. ഇനി ജൂൺ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. 

നെതർലൻഡ്സിൽ വെച്ച് നടക്കുന്ന എഫ്.ബി.കെ ഗെയിംസിൽ താരം പങ്കെടുക്കും. ശേഷം ജൂൺ 13 ന് ഫിൻലൻഡിൽ വെച്ച് നടക്കുന്ന പാവോ നുർമി ഗെയിംസിലും പങ്കാളിയാകും. നിലവിൽ തുർക്കിയിലെ ആന്റല്യയിൽ  പരിശീലനം നടത്തുകയാണ് ചോപ്ര.