വിസ മെഡിക്കൽ അപേക്ഷ ഇനി കൂടുതൽ ലളിതം: പുതിയ നടപടിയുമായി ഒമാൻ ആരോഗ്യമന്ത്രാലയം
മസ്കത്ത്: വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി ഇനി സ്വയം അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
റെസിഡൻസി കാർഡ് എടുക്കൽ, പുതുക്കൽ, വിസ എന്നിവക്കുള്ള മെഡിക്കൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഓൺലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാർഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക.
വെബ്സൈറ്റിൽ കയറി ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ ഫീസും മറ്റും അടക്കാവുന്നതാണ്. ബാക്കി എല്ലാം മുമ്പുള്ള മെഡിക്കൽ വിസ നടപടികളുടേതുപോലെതന്നെ ആയിരിക്കും. മുമ്പ് സനദ് ഓഫിസിൽ പോയി അപേക്ഷിച്ചിരുന്ന രീതിക്കുപകരം സ്വയം അപേക്ഷിക്കാൻ കഴിയുമെന്നാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
എന്നാൽ, താൽപര്യമുള്ളവർക്ക് സനദ് ഓഫിസിലൂടെയും വിസ മെഡിക്കലിന് അപേക്ഷിക്കാവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ സുതാര്യത വർധിപ്പിക്കാനും മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതിനുള്ള സമയവും അധ്വാനവും ലാഭിക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഒമാനിൽ വിസ മെഡിക്കൽ നടപടികൾ ലളിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം.
അതിനുശേഷം, പ്രവാസികൾക്ക് അംഗീകൃത സ്വകാര്യ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താൻ കഴിയും. പരിശോധന കഴിഞ്ഞുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും.
എന്നാൽ, സനദ് ഓഫിസുകളെ സമീപിക്കുന്നതിനു പകരം ആളുകൾക്ക് സ്വയം അപേക്ഷിക്കാൻ കഴിയുമെന്നാണ് ഏറ്റവും പുതിയ സംവിധാനത്തിലൂടെ അധികൃതർ ഒരുക്കിയിരിക്കുന്നത്.