ചിരിയുടെ സുൽത്താന് കണ്ണീരോടെ വിട: മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രമുഖ ഹാസ്യതാരം മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടനായിരുന്നു മാമുക്കോയ. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. ഹാസ്യനടനായും സ്വഭാവനടനായും മലയാള വെള്ളിത്തിരയെയും നിലപാടുകളിലെ കൃത്യതയിലൂടെ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളെയും ഒരേപോലെ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് മാമുക്കോയയുടേത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടൻമാരിൽ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയിൽ ജനകീയമാക്കിയ നടൻ കൂടിയാണ് മാമുക്കോയ.
കുതിരവട്ടം പപ്പു അതിന് മുൻപ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവർത്തങ്ങളിൽ സജീവമായിരുന്നു.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.