ലൈഫ് മിഷന്‍ കോഴക്കേസ്: സി.എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്; ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ഇഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാണമെന്നാണ് നോട്ടീസിൽ വ്യക്തമാകുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. ഏഴിനും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് അധികാരമുണ്ട്.
ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ഇഡി നോട്ടീസ് അയച്ചു. പി.ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകാനാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനും വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനുമാണ് ഇഡിയുടെ നീക്കം. വിവാദ കരാറിനും കേസിനും ശേഷമാണ് പി.ബി നൂഹ് ചുമതലയേല്‍ക്കുന്നത്.
ലൈഫ് മിഷന്‍ കരാറില്‍ 3.38 കോടി രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്റെ അറിവോടെ ആയിരുന്നുവെന്നാണ് സ്വപ്ന നല്‍കിയ മൊഴി.
സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്‌സ് ആപ്പ് ചാറ്റിലും രവീന്ദ്രനെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും ഇഡി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്.
കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്.