കർണാടകയിൽ ആദ്യടേമിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; വഴങ്ങി ഡികെ ശിവകുമാർ

കർണാടകയിൽ ആദ്യടേമിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; വഴങ്ങി ഡികെ ശിവകുമാർ

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായതായി റിപ്പോർട്ട്.  പാർട്ടിയുടെ വിജയത്തിനായി കഠിനപ്രയ്‌തനം ചെയ്തിന് തനിക്ക് അവകാശപ്പെട്ടതെന്ന് തുറന്നുപറഞ്ഞ ഡികെ മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാൻ സമ്മതംമൂളി. ഇതോടെ ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയും പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണഎന്നതാണ് ഒന്നാമത്തെ നിബന്ധന. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. 

കൂടാതെ ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ ഡികെക്ക് നൽകണമെന്നും  ശിവകുമാർ ആവശ്യപ്പെടുന്നു. അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബെംഗളൂരുവിൽ പ്രഖ്യാപിക്കും. 

കർണാടകയിൽ വൻ വിജയത്തിനു പിന്നാലെ ഒരു ‘കസേരകളി’ ഹൈക്കമാൻഡ് പ്രതീക്ഷിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായി ഡി.കെ.ശിവകുമാർ‌ കടുത്ത നിലപാടെടുത്തത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആദ്യ 2 വർഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വർഷം ശിവകുമാറിനും നൽകാമെന്ന ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല ശിവകുമാർ തള്ളുകയായിരുന്നു. പൂർണ ടേം അനുവദിക്കുക, അല്ലെങ്കിൽ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ താൻ മന്ത്രിസഭയിലേക്കില്ലെന്നും തീർത്തുപറഞ്ഞു. സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശിവകുമാർ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്.

 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. തന്റെ സഹോദരൻ ഡി.കെ. സുരേഷ് അന്നു ജയിച്ചത് സ്വന്തം പ്രതിഛായയുടെ ബലത്തിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാൻ തനിക്കു കീഴിൽ പുതിയ നിര നേതൃത്വം ഏറ്റെടുക്കണം. തന്നെ മുഖ്യമന്ത്രിയാക്കിയാൽ 20 സീറ്റ് നേടിയെടുക്കാം.

കൂടുതൽ എംഎൽഎമാർ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിക്കാനാവില്ല. സ്ഥാനാർഥികൾ മത്സരിച്ച് എംഎൽഎമാരായത് കോൺഗ്രസ് ടിക്കറ്റിലാണ്. സിദ്ധരാമയ്യയുടെ ടിക്കറ്റിലല്ല. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പല എംഎൽഎമാരെയും സിദ്ധരാമയ്യ ഒപ്പം കൂട്ടുകയാണ്.

എന്നാൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡി.കെ.ശിവകുമാർ അനുനയപ്പെട്ടത്. സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാർ പിന്നീട് വഴങ്ങുകയായിരുന്നു. രാജസ്ഥാനിൽ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ അനുസരിച്ചിട്ടുള്ള ഡി.കെ.ശിവകുമാർ, അങ്ങനെ പാർട്ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.