കർണാടകയിലെ നാടകങ്ങൾക്ക് തിരശീല; സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകും: ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിൽ ഡി കെ ശിവകുമാര്‍

കർണാടകയിലെ നാടകങ്ങൾക്ക് തിരശീല; സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകും: ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിൽ  ഡി കെ ശിവകുമാര്‍

ന്യൂഡൽഹി: ബിജെപിയെ തുരത്തി കോൺഗ്രസ് ഭരണം പിടിച്ചെടുത്ത കർണാടകയിൽ, മുഖ്യമന്ത്രി ആര്  എന്ന പ്രതിസന്ധിക്ക് തിരശീല വീഴുന്നു. മുതിർന്ന നേതാവ് സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകും. 

സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 നെന്ന് കോൺഗ്രസ് വക്താക്കൾ അറിയിച്ചു. ഇതിനായി ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായുമാണ് വ്യക്തമാകുന്നത്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാര്‍. 

സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണ്. ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പദത്തിനായി സമ്മർദം തുടരുന്ന ഡി.കെ ശിവകുമാർ പാർട്ടി അധ്യക്ഷ പദത്തിൽ തുടരും. ഒപ്പം,അദ്ദേഹത്തിന് പ്രധാനവകുപ്പ് നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്.  എന്നാൽ ഇത് സംബന്ധിച്ച് തീരുമാനം അന്തിമമായിട്ടില്ല. 

അതേ സമയം സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നിൽ അനുകൂലികള്‍ അഹ്ലാദ പ്രകടനം തുടങ്ങി. സിദ്ധയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി. ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ ഹൈക്കമാൻഡ് തുടരുകയാണ്. 75-കാരനായ സിദ്ധരാമയ്യക്ക് ഇത് മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴമാണ്. തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ഇത്തവണ മത്സരരംഗത്തിറങ്ങിയത്. 

ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതും സംസ്ഥാനത്തെ ഏറ്റവും ജനകീയൻ എന്ന ഇമേജും സിദ്ധയ്ക്ക് തുണയായി. അതേസമയം, സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർക്കുന്നു. 

സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. 

അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും ഡി കെ താനുമായി ചർച്ച നടത്തുന്ന ഹൈക്കമാൻഡ് വ്യത്തങ്ങൾക്ക് മുന്നിൽ തുറന്നടിക്കുന്നു. 

അതിനിടെ, ലിംഗായത്ത് സമുദായത്തിൽ നിന്ന് എം.ബി പാട്ടീലും ദളിത് വിഭാഗത്തിന്റെ പരിഗണന എന്ന നിലയിൽ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ എന്നിങ്ങനെ രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സത്യപ്രതിജ്ഞ നാളത്തന്നെ നടക്കും. 

കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ വൈകീട്ട് 3.30ന് വിളിച്ചുചേർത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കർണാടക മുഖ്യന്ത്രിയാകുന്നത്. 2013 മുതൽ 2018 വരെയാണ് അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നത്. ഇത്തവണ വരുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ 46,163 വോട്ടുകൾ ക്കാണ് വിജയിച്ചത്. 224 അംഗ കർണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്.