ഗള്‍ഫിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ നേടാൻ അവസരം
ദോഹ: ഗള്‍ഫിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ നേടാൻ പുതിയ അവസരമൊരുങ്ങുന്നു. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ മികച്ച ശമ്പളത്തോടെ സ്ഥിര നിയമനം നേടാം. സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്തികയിലേക്ക് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചു.
അറബിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതിനൊപ്പം ഇന്റര്‍പ്രട്ടേഷന്‍ അല്ലെങ്കില്‍ ട്രാന്‍സ്‌ലേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം കൂടിയാണ് അടിസ്ഥാന യോഗ്യത.
കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് പ്രകാരമുള്ള അംഗീകൃത പരീക്ഷയില്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സി1, സി2 യോഗ്യതകള്‍ നേടിയ ആളായിരിക്കണം. ഇതിന്റെ മാര്‍ക്ക് ഷീറ്റുകള്‍ കൂടി ബയോഡേറ്റയോടൊപ്പം സമര്‍പ്പിക്കണം.
ഇന്റര്‍പ്രട്ടര്‍ അല്ലെങ്കില്‍ ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഇത് തെളിയിക്കുന്ന രേഖകളും ബയോഡേറ്റയുടെ ഒപ്പം സമര്‍പ്പിക്കണം. ഇംഗീഷ്, അറബി ഭാഷകളില്‍ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കം.
അറബിയില്‍ നിന്ന് ഇംഗീഷിലേക്കും തിരിച്ചും ഒരേ പോലെ വിവര്‍ത്തനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. 30 നും 40 നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. 2023 ഏപ്രില്‍ 30 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായപരിധി കണക്കാക്കുക.
പ്രതിമാസം എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 10,000 ഖത്തർ റിയാലാണ് ശമ്പളം. സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് എംബസിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
ജൂണ്‍ അഞ്ചാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. ഇ-മെയില്‍ അയക്കേണ്ട വിലാസം: cr1.doha@mea.gov.in