ഖത്തർ കേന്ദ്രമായി ഗൂഗിൾ ക്ലൗഡ്: അടുത്ത ഏഴ് വർഷത്തിനുള്ളിൽ 25,000ത്തോളം തൊഴിലവസരങ്ങൾ
ദോഹ: വിവര സാങ്കേതിക മേഖലയിൽ കരുത്തായി ഖത്തർ കേന്ദ്രമായ ഗൂഗിൾ ക്ലൗഡ് പ്രവർത്തനക്ഷമമായി. കഴിഞ്ഞ ദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു സെർച് എൻജിൻ ഭീമനായ ഗൂഗിളിന്റെ പുതിയ ക്ലൗഡ് റീജ്യൻ ആരംഭിച്ചത്.
വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി, ഖത്തർ ഫ്രീസോൺസ് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ സായിദ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ഖത്തറും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഉൾപ്പെടുന്ന മേഖലയുടെ ഡേറ്റാ സംഭരണത്തിലും വേഗതയേറിയ സേവനങ്ങളിലും പുതിയ ക്ലൗഡ് റീജ്യൻ സഹായകമാവും.
ഖത്തർ ദേശീയ വിഷൻ 2030 ന്റെ ഏറ്റവും പ്രധാന ലക്ഷ്യമായ സാങ്കേതികവത്കരണതിന് കൂടുതൽ ഊർജം നൽകുന്നതു കൂടിയാണ് ഈ സംരംഭം. മേഖലയുടെ സാമ്പത്തിക മേഖലക്ക് ഉണർവ് പകരുന്നതോടൊപ്പം, അടുത്ത ഏഴ് വർഷത്തിനുള്ളിൽ 25,000 ത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
അടുത്തിടെ ഖത്തറിൽ കൺട്രി ഓഫിസും വെർച്വൽ സെന്റർ ഓഫ് എക്സലൻസ് കേന്ദ്രവും തുറന്നതിനു പിന്നാലെയാണ് ഗൂഗിൾ ക്ലൗഡ് റീജ്യനും ദോഹ കേന്ദ്രമായി പ്രവർത്തനം ആരംഭിക്കുന്നത്. ഖത്തറിന്റെ വിവരസാങ്കേതിക മേഖലയിലെ അതിവേഗ കുതിപ്പിന് അടിസ്ഥാന സൗകര്യം ഒരുക്കുക കൂടിയാണ് ഈ പദ്ധതി.