പ്രവാസികളുടെ ആകാശയാത്ര മുടക്കം തുടർക്കഥയാകുന്നു: ഏറ്റവും ഒടുവിൽ ദുരിതത്തിലായത് ഗോ ഫസ്റ്റിൽ ബുക്ക് ചെയ്ത യാത്രക്കാർ
മസ്കത്ത്: പ്രവാസികൾ യാത്രയ്ക്കായി ബുക്ക് ചെയ്തിരിക്കുന്ന വിമാനങ്ങൾ നിശ്ചിത സമയത്ത് പുറപ്പെടാതിരിക്കുക, യാത്ര അനന്തമായി നീളുക, സാങ്കേതിക കാരണം പറഞ്ഞു വിമാന സർവീസ് റദ്ദാക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാണ് പലപ്പോഴും പ്രവാസികളുടെ യാത്രക്ക് തടസ്സമായി വരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എന്നിവ പ്രൈവറ്റ് സെക്ടറിൽ വന്നതോടെ യാത്രാദുരിതം മുമ്പുള്ളതിനേക്കാൾ കൂടിയിരിക്കുകയാണെന്നും യാത്രക്കാർ പറയുന്നു.
ബുധനാഴ്ച മസ്കത്തിൽനിന്ന് കാലത്ത് 11.30ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ബജറ്റ് എയർലൈനായ ഗോ ഫസ്റ്റിന്റെ മേയ് മൂന്നുമുതൽ അഞ്ചുവരെയുള്ള വിവിധ സർവീസുകൾ റദ്ദാക്കിയതായാണ് അധികൃതരുടെ അറിയിപ്പ്. അഞ്ചിനുശേഷം എന്താകുമെന്ന കൃത്യമായ ചിത്രവും നിലവിൽ ലഭ്യമല്ല.
ജൂണിലെ അവധിക്കാലം മുന്നിൽക്കണ്ട് നേരത്തേ ഗോ ഫസ്റ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വൈകൽ സ്ഥിരമായതിനാൽ നല്ലൊരു ശതമാനം ആളുകളും ഗോ ഫെസ്റ്റിനെയാണ് ആശ്രയിക്കുന്നത്. നിലവിൽ റദ്ദാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്നാണ് ഗോ ഫെസ്റ്റിന്റെ അറിയിപ്പ്.
പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് വിമാന സർവിസുകൾ റദ്ദാക്കാൻ കാരണമായി അധികൃതർ പറയുന്നത്. ഇതോടെ വളരെ മുമ്പ് ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളുടെ യാത്ര മുടങ്ങി. കല്യാണം, തുടർപഠനം, ചികിത്സ എന്നിവക്ക് നാട്ടിലേക്കുപോകുന്ന നിരവധി പേർ യാത്രക്കാരിലുണ്ട്.
നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയിൽനിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്. ബുധനാഴ്ച മസ്കത്ത്- കണ്ണൂർ, കണ്ണൂർ-മസ്കത്ത് സർവിസുകളാണ് റദ്ദാക്കിയത്. നാലിന് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനവും നിർത്തലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂർ-ദുബൈ വിമാനവും റദ്ദാക്കിയിരുന്നു. ബുധനാഴ്ച കണ്ണൂരിൽ നിന്നുള്ള ദുബൈ, അബൂദബി സർവിസുകളും നിർത്തലാക്കിയതിൽപെടും. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥർ.
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ബുക്ക് ചെയ്തവരായിരുന്നു കൂടുതൽപേരും. അമ്പത് റിയാലിൽ താഴെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇനി മറ്റൊരു വിമാനത്തിൽ സമയത്ത് യാത്ര ചെയ്യണമെങ്കിൽ 80 റിയാലെങ്കിലും വരും. അതും തൊട്ടടുത്ത ദിവസങ്ങളിലേ യാത്ര ചെയ്യാൻ കഴിയൂ. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് യാത്ര ചെയ്യാൻ 320 റിയാലെങ്കിലും കാണേണ്ടിവരും.
ഗോ ഫസ്റ്റിനു എടുത്ത ടിക്കറ്റ് തുക തിരിച്ചുകിട്ടണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കണം. നേരത്തെ കമ്പനി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മുമ്പാകെ പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. പാപ്പർ ഹർജി ഫയൽ ചെയ്യേണ്ടിവന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനിൽപിന് ഇത് അത്യാവശ്യമാണെന്നുമായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കൗശിക് ഗോനയുടെ മറുപടി. സീസണായിട്ടും വലിയ തോതിൽ ടിക്കറ്റ് നിരക്ക് ഉയർന്നില്ല എന്ന് ആശ്വസിക്കുമ്പോഴാണ് യാത്രാ തടസ്സങ്ങളുമായി വിമാനക്കമ്പനികൾ പ്രവാസികളെ പ്രയാസത്തിലാക്കുന്നത്.