റയ്യാന ബർണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി; ചരിത്രം കുറിച്ച് സൗദി

റയ്യാന ബർണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി; ചരിത്രം കുറിച്ച് സൗദി

റിയാദ്: രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തില്‍ നിർണായക ചുവടുവയ്പ് നടത്തി സൗദി അറേബ്യ. അറബ് ലോകത്ത് നിന്നും ഐഎസ്എസിലെത്തുന്ന ആദ്യ വനിതയായി സൗദി അറേബ്യയുടെ റയ്യാന ബർണവി.  ആക്സിയം സ്പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യൻ പൗരന്മാരായ അലി അഖാർണിയും റയ്യാന ബർണാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത്.

മിഷൻ ലീഡ് ആയ നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ് സൺ പൈലറ്റ് ജോൺ ഷോഫ്നർ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റില്‍ യുഎഇ പ്രാദേശിക സമയം വൈകീട്ട് 5.12 നാണ് ഇരുവരും ഐഎസ്എസിലേക്ക് പ്രവേശിച്ചത്. 

16 മണിക്കൂർ സഞ്ചരിച്ചാണ് നാലംഗ സംഘം അവിടെയെത്തിയത്. സുൽത്താൻ അൽ നെയാദി ഉൾപ്പടെ ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഇവരെ സ്വാഗതം ചെയ്യാനെത്തി. ഇരുവരും എട്ട് ദിവസം അവിടെ ചെലവഴിക്കും. 20 ഓളം ശാസ്ത്ര ഗവേഷണങ്ങളാണ് പുതിയ സംഘം നിലയത്തിൽ വെച്ച് നടത്തുക. 

ഐഎസ്എസിലെത്തിയ റയ്യാന സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും നന്ദി രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നുവെന്നും റയ്യാന അറിയിച്ചു. ഐഎസ്എസിലുളള യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്കും സംഘത്തിനുമൊപ്പം സൗദി ബഹിരാകാശ സംഘം ചേർന്നു.

സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമും യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനിയായ ആക്‌സിയവും സഹകരിച്ചുകൊണ്ടാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യം നടത്തുന്നത്. 20 ഓളം പരീക്ഷണങ്ങള്‍ ഇവർ നടത്തും. 

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്‍റെ വിഷൻ 2030 ന്റെ ഭാഗമായാണ് സൗദി ബഹിരാകാശ കമ്മിഷന്റെ (എസ്‌എസ്‌സി) സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.