സൗദിയിലെ ദമാമിൽ ഇരുമ്പുഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല
റിയാദ്: സൗദി ദമാമിലെ ഇരുമ്പു ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അധികൃതർ. ഇന്നലെ വൈകുന്നേരമാണ് ദമാമിലെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറികളിലൊന്നില്‍ തീ പിടിച്ചത്. തീ പൂര്‍ണ്ണമായും ഇതുവരെ അണക്കാനായിട്ടില്ല.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം അറിയിച്ചിട്ടുണ്ട്. സൗദി റെഡ് ക്രസന്റിലെ മൂന്നോളം ടീമുകളും സിവില്‍ ഡിഫന്‍സിലെ നാല് ടീമുകളുമാണ് തീ അണക്കുന്നതില്‍ നേതൃത്വം നൽകിയതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
എയര്‍കണ്ടീഷ്ണറുകള്‍ നിര്‍മ്മിക്കുന്ന ഫാക്റിയിലാണ് തീപിടുത്തമുണ്ടായത്. തീ കത്തിപ്പിടിക്കാവുന്ന വസ്തുക്കള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് ദമാമിനും കോബാറിനും ഇടയിലാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ഇഖ്ബാരിയ ടെലിവിഷനാണ് തീപിടുത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് ആദ്യമായി നൽകിയത്.