യുഎഇയിൽ 1500 ദിർഹത്തിന് താഴെ ശമ്പളം ഉള്ളവർക്ക് കമ്പനി താമസമൊരുക്കണം

യുഎഇയിൽ 1500 ദിർഹത്തിന് താഴെ ശമ്പളം ഉള്ളവർക്ക് കമ്പനി താമസമൊരുക്കണം

അബുദാബി: കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ പുതിയ നിയമം.1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ഉള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

താമസസ്ഥലത്തെ കുറിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. ഒരു മുറിയിൽ എട്ട് മുതൽ പത്താളുകളെ മാത്രമേ പാടുള്ളൂ, ഒരാൾക്ക് കുറഞ്ഞത് മൂന്ന് സ്‌ക്വയർ മീറ്റർ സ്ഥലമെങ്കിലും മുറിയിൽ ഉണ്ടാകണം എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ. 

കൂടാതെ യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രമെന്നും നിർദേശമുണ്ട്. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 

500ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും. നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ കമ്പനിയിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും നിർദേശമുണ്ട്. ‌തൊഴിലിന്റെ അപകട സാധ്യതകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. 

 നിർദേശങ്ങൾ അറബിക്ക് പുറമേ തൊഴിലാളികൾക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നൽകണം. തീപിടിത്തം തടയുന്നതിനുള്ള പരിശീലനവും നൽകണം. ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റിൽ (ഫസ്റ്റ് എയ്ഡ് ബോക്സിൽ) അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടാകണം. അപകടത്തിൽ പെടുന്ന തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ അറിയാവുന്നവരും കമ്പനിയിൽ ഉണ്ടാകണം.

കത്തുന്നതും പൊട്ടിത്തെറിക്കുന്നതും ഉൾപ്പെടെ ഹാനികരമായ വസ്തുക്കൾ വഴി ഉണ്ടാകാവുന്ന അപകടം മുന്നിൽ കണ്ട് അവ ജാഗ്രതയോടെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. തൊഴിലാളി താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.