യുഎഇ എമിറേറ്റ്സ് ഐഡി കാര്‍ഡും പാസ്പോര്‍ട്ടും ഇനി ലോകത്തെവിടെ നിന്നും പുതുക്കാം
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി കാര്‍ഡും പാസ്പോര്‍ട്ടും പുതുക്കാമെന്ന് റിപ്പോർട്ട്. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോർട്ട് സെക്യൂരിറ്റിയാണ് എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും യുഎഇയ്ക്ക് പുറത്തിരുന്നും പുതുക്കാനുളള സേവനം ആരംഭിച്ചതെന്ന് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
നൂർ ദുബായ് റേഡിയോയ്ക്ക് നല‍്കിയ അഭിമുഖത്തില്‍ കസ്റ്റമർ ഹാപ്പിനസ് മാനേജ്മെന്‍റ് ഡയറക്ടർ നാസർ അഹമ്മദ് അല്‍ അബ്ദൗലിയാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അപേക്ഷകന്‍ വ്യക്തിപരമായി പുതുക്കാനുളള അപേക്ഷ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയാണ് നല്‍കേണ്ടത്. രാജ്യത്തിന് അകത്ത് മറ്റൊരാള്‍ വഴിയോ സേവനകേന്ദ്രങ്ങള്‍ വഴിയോ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമർപ്പിക്കുന്നവർ രേഖകള്‍ കൃത്യമാണെന്ന് ഉറപ്പിക്കണം. ഉദാഹരണത്തിന് അപേക്ഷ സമർപ്പിക്കുമ്പോള്‍ വെളള ബാക്ക് ഗ്രൗണ്ടില്‍ ആറുമാസത്തിനുളളിലെടുത്ത 35-40 എംഎം സൈസിലുളള ഫോട്ടോയാണ് നല്‍കേണ്ടത്. എമിറേറ്റ്സ് ഐഡി പുതുക്കുമ്പോള്‍ പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും പാലിക്കണം.
പുതുക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കുമ്പോള്‍ നിലവിലുളള രേഖകളുടെ വിവരങ്ങള്‍ കൃത്യമായി സമർപ്പിക്കണം. ഇടപാടുകളില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ ഇലക്ട്രോണിക് ഫോമില്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കണം. ഫോണ്‍ നമ്പറുകളും ഇമെയില്‍ ഐഡിയും ഡെലിവറി അഡ്രസ് എന്നിവയും തെറ്റാതെ നല്‍കണമെന്നു അധികൃതർ ഓർമ്മിപ്പിക്കുന്നു.