ദുബായ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉടൻ തുറക്കില്ല: ഒരു അറിയിപ്പുണ്ടാകുന്നതുവരെ പാലം അടച്ചിടുമെന്ന് അധികൃതർ

ദുബായ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉടൻ തുറക്കില്ല: ഒരു അറിയിപ്പുണ്ടാകുന്നതുവരെ പാലം അടച്ചിടുമെന്ന് അധികൃതർ

ദുബായ്: അറ്റക്കുറ്റ പണികൾക്കായി അടച്ചിട്ട ദുബായിലെ പ്രസിദ്ധമായ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉടൻ തുറക്കില്ല. പാലം അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അഞ്ച് ആഴ്ചത്തേക്ക് വേണ്ടി ഏപ്രിൽ 17 നാണ് പാലം അടച്ചിട്ടത്.

സാങ്കേതിക പരിശോധനകൾ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടി പാലത്തിന്റെ രണ്ട് ദിശകളിലും അടച്ചുപൂട്ടൽ ആവശ്യമാണെന്ന് ആർടിഎ അറിയിച്ചു. അഞ്ചാഴ്ചത്തേക്ക് അടച്ചിടുമെന്നായിരുന്നു ആർടിഎ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതാണ് ഇപ്പോൾ അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. 2007 ജൂലൈയിലാണ് ദുബായില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് യാത്രകള്‍ക്കായി തുറന്നുകൊടുത്തത്.

ഫ്ലോട്ടിങ് ബ്രിഡ്ജിന് പകരമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾ ഉപയോഗിക്കാം. ഇതിന് പുറമെ അൽ മക്തൂം ബ്രിഡ്ജ്, ഇൻഫിനിറ്റി ബ്രിഡ്ജ്, അൽ ഗാർഹൂദ് ബ്രിഡ്ജ്, അൽ മംസാർ എക്സിറ്റ് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്ന വഴികൾ എന്നിവയും യാത്രക്കാർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

അതേസമയം, ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ അൽ മക്തൂം പാലത്തിലെ സാലിക് റോഡ് ടോൾ സമയത്തിൽ മാറ്റമില്ലെന്ന് ആർടിഎ പറഞ്ഞു. നിലവിൽ, രാത്രി 10 മുതൽ രാവിലെ 6 വരെ അൽ മക്തൂം പാലം ഉപയോഗിക്കുന്നതിന് വാഹനമോടിക്കുന്നവരിൽ നിന്ന് ടോൾ ഈടാക്കുന്നില്ല. ഞായറാഴ്ചകളിലും ടോൾ ഈടാക്കുന്നില്ല. ഇത് പാലം തുറക്കുന്നത് വരെ തുടരും.

നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 2007 ജൂലൈയിലാണ് ആർടിഎ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുറന്നുകൊടുത്തത്. വലിയ പൊള്ളയായ കോൺക്രീറ്റ് രൂപങ്ങളിൽ പൊങ്ങിക്കിടക്കുന്ന തരത്തിലാണ് ആറുവരി പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.