ഡോ.വന്ദനയ്ക്ക് വേദനയോടെ വിട നൽകി കേരളം

ഡോ.വന്ദനയ്ക്ക് വേദനയോടെ വിട നൽകി കേരളം

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിലുള്ളയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന്. പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചക്ക് രണ്ടോടെയാണ് കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കുക. 

പൊതു ദര്‍ശനത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയിൽ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. പ്രിയ നാട്ടുകാരിയെ കാണാൻ നൂറുകണക്കിന് പേരാണ് എത്തിയത്. പലരും വിതുമ്പലടക്കാൻ പ്രയാസപ്പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും വീട്ടിലെത്തിച്ചത്.

ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണ ജോർജും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. 

ഇന്നലെ പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു. വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.