കർണാടക മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കർണാടക മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലി പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇന്നോ നാളെയോ അന്തിമ തീരുമാനം ഉണ്ടാകും. അടുത്ത 48 മുതൽ 72 മണിക്കൂറിനുള്ളിൽ പുതിയ മന്ത്രിസഭ രൂപം കൊള്ളുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അറിയിച്ചു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ ഡി കെ ശിവകുമാറും നിഷേധിച്ചു. മാധ്യമങ്ങളിൽ വരുന്നത് അസത്യവും വ്യാജവുമായ വാർത്തകളാണെന്നും ആരും ആരെയും നിശ്ചയിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. അതേസമയം, ബെംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

മുഖ്യമന്ത്രിപദം പങ്കിടുന്ന ഫോർമുലയാണ് കോൺഗ്രസ് ഹൈക്കമാൻഡ് വീണ്ടും ആലോചിക്കുന്നതെന്നാണ് വിവരം. രണ്ടര വർഷം തുല്യമായി പദവി പങ്കിടുന്നതായിരുന്നു ഹൈക്കമാൻഡ് നേരത്തെ മുന്നോട്ടുവച്ച ഒത്തുതീർപ്പ് നിർദേശം. എന്നാൽ ഡി കെ ശിവകുമാർ ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ രണ്ടു വർഷവും മൂന്നു വർഷവുമാക്കി പദവി ഭാഗിച്ചുനൽകാമെന്ന ഫോർമുല ആലോചിക്കുകയാണ്. 

ശിവകുമാറിനോട് പദവിയുടെ കാര്യത്തിൽ വിവേചനം പാടില്ലെന്ന് സോണിയ ഗാന്ധി അഭ്യർഥിച്ചതായാണ് റിപ്പോർട്ട്. ഡൽഹിക്കു പുറപ്പെടും മുൻപേ സോണിയയുമായി ഡികെ ആശയവിനിമയം നടത്തിയിരുന്നു. ശിവകുമാറുമായും സിദ്ധരാമയ്യയുമായും രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ ഡൽഹിയിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. 

ഇരുവരെയും വെവ്വേറെ വിളിച്ചുവരുത്തിയായിരുന്നു രാഹുൽ കാര്യങ്ങൾ കേട്ടത്. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച ഒത്തുതീർപ്പ് സമവാക്യങ്ങളിലൊന്നും കുരുങ്ങാൻ ഡി കെ ശിവകുമാർ ഒരുക്കമായിരുന്നില്ല. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് വകുപ്പുകളും ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇക്കാര്യം ശിവകുമാറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ ഈ വാഗ്ദാനത്തിന്റെ സാഹചര്യത്തിലും മുഖ്യമന്ത്രി പദമെന്ന ആവശ്യത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാൻ ശിവകുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ശിവകുമാറിന്റെ പേരിലുള്ള കേസുകൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയെങ്കിലും അവ കെട്ടിച്ചമച്ചതാണെന്നും നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു. 

2018 ലെ ജെഡിഎസ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സിദ്ധരാമയ്യയാണ് എം എൽ എ മാരെ ബിജെപിയിലേക്ക് വിട്ടതെന്ന ആരോപണം രാഹുലിന് മുന്നിലും ഡി കെ ആവർത്തിച്ചു. ഡി കെയുടെ പേരിലുള്ള കേസുകൾക്കു പിന്നാലെ കേന്ദ്ര ഏജൻസികൾ പോയാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വാദം ആവർത്തിച്ചാണ് സിദ്ധരാമയ്യ ഹൈക്കമാൻഡ് നേതാക്കളെ കയ്യിലെടുത്തിരിക്കുന്നത്. 

രാഹുൽ ഗാന്ധിയുമായുള്ള വ്യക്തിപരമായ അടുപ്പവും സിദ്ധരാമയ്യ പരമാവധി മുതലാക്കി. ഇരു നേതാക്കളും അമ്പിനും വില്ലിനും അടുക്കാതായതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. ഭരണം കിട്ടിയ സ്ഥിതിക്ക് കര്‍ണാടകയില്‍നിന്ന് കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ദേശീയനേതൃത്വത്തിന് നിലവില്‍ സിദ്ധരാമയ്യയാണ് മികച്ച ഓപ്ഷന്‍. നേതാക്കളെ കാര്യം പറഞ്ഞു മനസിലാക്കി സമവായത്തിലെത്താനായാല്‍ വൈകിട്ടോടെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകും.

ഇതിനിടയിൽ ബെംഗളുരുവിൽ സിദ്ധരാമയ്യ ക്യാമ്പ് ആഘോഷം തുടങ്ങി. സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ വലിയ ഫ്ളെക്സ് സ്ഥാപിച്ച് അതിൽ പാലഭിഷേകം ചെയ്തായിരുന്നു അനുയായികളുടെ ആഘോഷം. സിദ്ധരാമയ്യയുടെ സ്വന്തം നാടായ സിദ്ധരാമനാ ഹുണ്ടിയിലും പടക്കം പൊട്ടിച്ച് അനുയായികൾ തെരുവിൽ ആഹ്ളാദം പ്രകടിപ്പിച്ചു. 

ഇതോടെയായിരുന്നു ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി രൺദീപ് സിങ് സുർജേവാല മാധ്യമങ്ങൾക്ക് മുന്നിലെത്തി മുഖ്യമന്ത്രിപദവി സംബന്ധിച്ച ചർച്ചയുടെ നിലവിലെ സ്ഥിതി വിശദീകരിച്ചത്. ഇതിനിടയിൽ കർണാടകക്ക് ദളിത് മുഖ്യമന്ത്രി വേണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ രംഗത്തുവന്നു. ബെംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് മല്ലികാർജുൻ ഖാർഗെയുടെ പോസ്റ്ററുമായായിരുന്നു ഇവർ എത്തിയത്.