ബഹ്റൈനും ഖത്തറിനുമിടയിൽ വ്യോമഗതാഗതം സജീവമാക്കാൻ തീരുമാനം

ബഹ്റൈനും ഖത്തറിനുമിടയിൽ വ്യോമഗതാഗതം സജീവമാക്കാൻ തീരുമാനം

മനാമ: ബഹ്റൈനും ഖത്തറിനുമിടയിൽ ദിനം പ്രതി ആറ് വിമാനസർവീസുകൾ നടത്താൻ തീരുമാനം. ദിനേന മൂന്നു വീതം സർവീസുകൾ നടത്താൻ ഗൾഫ് എയറും ഖത്തർ എയർവേസുമാണ് തീരുമാനിച്ചിരിക്കുന്നത്. 

ജൂൺ 14 വരെ ഓരോ സർവീസും ജൂൺ 15 മുതൽ മൂന്നു സർവീസുകളുമാണ് ഓരോ വിമാനക്കമ്പനികളും നടത്തുക. സർവീസുകൾ വർധിപ്പിക്കുമെന്ന് നേരത്തേ ഗൾഫ് എയർ വ്യക്തമാക്കിയിരുന്നു. 

2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാർഗങ്ങളും അവസാനിച്ചു. തുടർന്ന് ഉപരോധം നീങ്ങിയിരുന്നുവെങ്കിലും ഖത്തറും ബഹ്‌റൈനും തമ്മിലുണ്ടായിരുന്ന നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. 

കഴിഞ്ഞമാസം നടന്ന ജിസിസി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടർച്ചയായാണ് വിമാന സർവീസും പുനരാരംഭിക്കാനും  തീരുമാനമായത്. 25 മുതൽ ഓരോ സർവീസ് വീതം ആരംഭിക്കുമെന്ന് ഗൾഫ് എയറും ഖത്തർ എയർവേസും അറിയിച്ചിരുന്നു.