ഓഫർലെറ്ററിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കില്‍ പരാതിപ്പെടാം: മാനവ വിഭവശേഷി മന്ത്രാലയം
ദുബായ്: യുഎയിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ഓഫർ ലെറ്ററിലും തൊഴിൽ കരാറിലും പറയുന്ന കാര്യങ്ങൾ ഒന്നായിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിലാളിയുടെ അറിവോടെയായിരിക്കണം തൊഴിൽ കരാർ രൂപപ്പെടുത്താൻ.
പിന്നീട് ഈ വിഷയത്തിൽ തർക്കമുണ്ടാകാൻ പാടില്ലെന്നും തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി ആയിഷ മുഹമ്മദ് ബിൻ ഹർഫിയ വ്യക്തമാക്കി. ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിൽ പറഞ്ഞത് പോലെ തന്നെ കരാറിലും രേഖപ്പെടുത്തണം. അല്ലാത്തപക്ഷം അത്തരം കരാറുകൾക്ക് അംഗീകാരം ലഭിക്കില്ല.
ആനുകൂല്യങ്ങൾ നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിയാൽ തൊഴിലാളികൾക്ക് പരാതി നൽകാവുന്നതാണ്. മാത്രമല്ല ജീവനക്കാർ ഒപ്പുവച്ച ഓഫർ ലെറ്റർ ഉപയോഗിച്ച് വേണം വിസ നടപടിക്രമങ്ങൾക്കായി കമ്പനികൾ അപേക്ഷ സമർപ്പിക്കേണ്ടത് എന്നും മന്ത്രാലയം വ്യക്തമാക്കി.
ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ പ്രശ്നങ്ങളില്ല. എന്നാൽ വാഗ്ദാനങ്ങളിൽ വീഴച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. തൊഴിൽ വാഗ്ദാനം വ്യാജമാണെന്ന് വ്യക്തമായാൽ ഉടൻ തന്നെ പരാതി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഇതിനായി 600590000 എന്ന കോൾ സെന്‍ർ നമ്പർ ഉപയോഗിക്കാം. അല്ലെങ്കിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ പരാതി നൽകാവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.