വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ

തിരുവനന്തപുരം:കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. 

ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി  ഡോക്ടർമാർ തെരുവിലിറങ്ങി. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. 

കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു. പൊലീസ് ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയേ മതിയാകൂവെന്നും കൊട്ടാരക്കരയിൽ പ്രതിഷേധിച്ച ഡോക്ടർമാർ ആവശ്യപ്പെട്ടു. 

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ഐഎംഎയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 8 മണി വരെ സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കും. അത്യാഹിത വിഭാഗത്തിൽ മാത്രമേ ഡോക്ടർമാരുടെ സേവനമുണ്ടാകൂ. ഉച്ചയ്ക്ക് യോഗം ചേർന്നാകും തുടർ സമരപരിപാടി നിശ്ചയിക്കുക.