ഖത്തറില്‍ പൊടിക്കാറ്റിന് സാധ്യത: ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്
ദോഹ: ഖത്തറില്‍ ഇന്നും നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹംദി പറഞ്ഞു.
ഇന്ന് (മെയ് 5 വെള്ളിയാഴ്ച) വൈകുന്നേരം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
കൂടാതെ നാല് മുതല്‍ എട്ട് അടി ഉയരത്തില്‍ വരെ ശക്തമായ തിരമാലകള്‍ ഉണ്ടായേക്കാം. ചിലപ്പോൾ 11 അടി വരെ ഉയരത്തില്‍ വരെ തിരമാലകളുണ്ടാകാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തെ ബാധിക്കും. ചിലപ്പോൾ 25 നോട്ട് വരെ വേഗതയിൽ കാറ്റ് ആഞ്ഞടിക്കും. ശനിയാഴ്ച (മെയ് 6) കാലാവസ്ഥ പൊടി നിറഞ്ഞതും പകൽ മുഴുവൻ താരതമ്യേന ചൂടുള്ളതുമായിരിക്കും, എന്നാൽ രാത്രിയിൽ കാലാവസ്ഥ സൗമ്യസ്ഥിതി പ്രാപിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.