ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറി ഓഫീസിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റർ അഭിലാഷ് ജി. നായർ നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
ഐപിസി 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരമാണ് കൊച്ചി സിറ്റി പോലിസിന്റെ നടപടി. അന്യായമായ കൂട്ടംചേരല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി ഓഫിസിലേക്ക് പ്രവർത്തകർ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും കാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേരളം മുമ്പങ്ങും കാണാത്തവിധം ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമത്തിനെതിരെ ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രതിഷേധമറിയിച്ച് രംഗത്തെത്തി. ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ശക്തമായ ഭാഷയിൽ അപലപിച്ച് പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. മാധ്യമ സ്ഥാപനത്തിലെ അതിക്രമത്തിന് പിന്നിൽ കടുത്ത അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
മാധ്യമങ്ങളെ ഭയപ്പെടുത്തി പിന്മാറ്റാനാണ് നീക്കം. ആക്രമണം നേതൃത്വത്തിന്റെ അറിവോട് കൂടിയാണ്. ദില്ലിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയം ഉന്നയിക്കുമെന്നും സതീശൻ വ്യക്തമാക്കി.
മാധ്യമ സ്ഥാപനത്തിന് നേരെയുണ്ടായ അതിക്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും കുറ്റപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമം ഗൗരവതരമാണെന്ന് കെ മുരളീധരൻ എംപിയും പ്രതികരിച്ചു. ഈ അതിക്രമ പ്രവണത അവസാനിപ്പിക്കണമെങ്കിൽ സർക്കാർ കർശന നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ എല്ലാ ചാനൽ ഓഫീസുകളിലും ഈ അവസ്ഥ ഉണ്ടാകും. വാർത്ത നൽകാൻ കഴിയാത്ത സ്ഥിതി വരും.
ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമായാണ് കണക്കാക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ അക്രമവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഓഫീസിലേക്ക് എസ്എഫ്ഐ സംഘം അതിക്രമിച്ച് കയറിയത്. മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു. ബാനറും കൊടികളുമായി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് ഓഫിസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്.
ഓഫിസിനുളളില്‍ കയറി മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും യോഗം ചേരുകയും ചെയ്തു. ഒരുമണിക്കൂറോളം ഓഫിസില്‍ ബഹളംവച്ച പ്രവര്‍ത്തകരെ കൂടുതല്‍ പോലിസെത്തിയാണ് ഓഫിസില്‍ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി.