അരിക്കൊമ്പൻ മയങ്ങിത്തുടങ്ങി: ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം

അരിക്കൊമ്പൻ മയങ്ങിത്തുടങ്ങി: ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരികൊമ്പനെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. വനംവകുപ്പ് ഉദ്യോഗസ്ഥർ തീർത്ത വലയത്തിനുള്ളിൽപെട്ട അരിക്കൊമ്പന് മയക്കുവെടിയേറ്റു. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. 

അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് വനംവകുപ്പ് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടമാണ് വിജയത്തിലെത്തിയിരിക്കുന്നത്. അരിക്കൊമ്പനെ കണ്ടെത്തി മൂന്നു വശത്തായി ഉദ്യോഗസ്ഥർ നിലയുറപ്പിക്കുകയും തുടർന്ന് ആദ്യ ഡോസ് വെടിവെക്കുകയുമായിരുന്നു. അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ചാണ് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചത്. 

സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. തുടർന്ന് അരിക്കൊമ്പന്റെ സമീപത്തേക്ക് ദൗത്യസംഘം നീങ്ങുകയായിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. 

സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. മയക്കുവെടിയേറ്റ ആന മയങ്ങിയ ശേഷമായിരിക്കും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കി സിമന്റ് പാലത്തിന് അടുത്തേക്ക് എത്തിച്ചാണ് വെടിവെച്ചത്. 

വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആനയെ കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നിൽക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. 

മയക്കത്തിലാകുന്ന മുറയ്ക്ക് കുങ്കിയാനകൾ എത്തി അരിക്കൊമ്പനെ മാറ്റും. ആന പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം കാലുകൾ ബന്ധിച്ച് റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. ശേഷം ആനയെ മാറ്റിപ്പാർപ്പിക്കും.