"ഞങ്ങളുടെ രാജകുമാരൻ": കടിഞ്ഞൂൽ കൺമണിയുടെ മുഖം വെളിപ്പെടുത്തി നടി ഷംനയും ഭർത്താവ് ഡോ.ഷാനിദ് ബിൻ മുഹമ്മദും
മകൻ ഹംദാൻ ഹംദാൻ ആസിഫ് അലിയുടെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിമും ഭർത്താവ് ഡോ.ഷാനിദ് ബിൻ മുഹമ്മദും. ഞങ്ങളുടെ രാജകുമാരൻ എന്ന അടിക്കുറിപ്പോടെ കുഞ്ഞിനേയും കൈയിലേന്തി നിൽക്കുന്ന ഷംനയുടെയും ഭർത്താവിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്.
ഹംദാൻ എന്ന ഹംദു ധരിച്ചിരിക്കുന്ന വെള്ളനിറത്തിലുള്ള കുഞ്ഞുടുപ്പിൽ സ്വർണലിപികളിൽ ഹംദാൻ എന്ന പേര് ഇംഗ്ലീഷിലാണ് തുന്നിച്ചേർത്തിരിക്കുന്നത്. മൂന്നു പേരും വൈറ്റ് തീമിലെ വസ്ത്രങ്ങളാണ് അണിഞ്ഞത്. കുഞ്ഞ് മാത്രമല്ല അമ്മയും അച്ഛനുമെല്ലാം ചേർന്നപ്പോൾ ക്യൂട്ട് കുടുംബമായെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ചിലർ കമന്റ് ചെയ്തത്.
നടി ഷംന കാസിമും ഭർത്താവ് ഡോ.ഷാനിദ് ബിൻ മുഹമ്മദും കുഞ്ഞിനൊപ്പം
പിറന്ന് അധികനാൾ ആകാത്ത കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിടേണ്ട എന്ന തീരുമാനത്തിലായിരുന്നു ഷംനയുടെ കുടുംബം. എന്നാലും അമ്മയുടെ ആഗ്രഹപ്രകാരം വീട്ടിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ കുഞ്ഞിന്റെ കുറച്ചു ചിത്രങ്ങൾ പകർത്തിയിരുന്നു.
ഈ വീഡിയോ പുറത്ത് വിട്ടിരുന്നുവെങ്കിലും അതിലും കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മാതൃദിനത്തിലും ഷംന ആദ്യം പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തിനു താഴെ നിരവധിപ്പേരാണ് ‘മുഖം വെളിപ്പെടുത്തൂ’ എന്ന കമന്റുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രം താരം പങ്കുവെച്ചത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ദുബായിലുള്ള ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. ഷാനിദ് ബിൻ മുഹമ്മദാണ് ഷംനയുടെ ഭര്ത്താവ്. കാൽ നൂറ്റാണ്ടോളമായി ദുബായിൽ തന്നെ ബിസിനസ് നടത്തുന്നയാളാണ് ഷാനിദ്. മലയാള ചലച്ചിത്ര താരങ്ങൾക്കുൾപ്പെടെ ഒട്ടേറെ പ്രമുഖർക്ക് ഗോൾഡൻ വിസ നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഏപ്രിൽ നാലിനായിരുന്നു ഇരുവർക്കും കുഞ്ഞു ജനിച്ചത്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. നാനി നായകനായെത്തിയ ‘ദസറ’യിലാണ് ഷംന ഏറ്റവുമൊടുവിൽ അഭിനയിച്ചത്.