എലത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: കെ. മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

എലത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: കെ. മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ഹിൽ സ്വദേശി അതുൽ (24), രണ്ട് വയസുള്ള  മകൻ അൻവിഖ് എന്നിവരാണ് മരിച്ചത്. അതുലിന്‍റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കാർ യാത്രക്കാരായ 4 പേർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. 

 കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് കോരപ്പുഴ പാലത്തിൽ ഇന്നലെ അർധരാത്രി കഴിഞ്ഞ് 12.30നായിരുന്നു വാഹനാപകടം ഉണ്ടായത്. സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. 

തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52), കാർ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊയിലാണ്ടി ഭാഗത്തേക്കു പോകുകയായിരുന്നു കാർ. 

കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് വെസ്റ്റ്ഹിൽ ചുങ്കത്തെ വീട്ടിലേക്കു വരികയായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നവർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗം തകർന്നു. കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തിരിഞ്ഞാണ് നിന്നത്. പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനുള്ളിൽ രണ്ട് മരണം സംഭവിക്കുകയായിരുന്നു.