ഇലക്ട്രിക് വാഹനങ്ങൾക്ക് വാറ്റ് ചുമത്തില്ലെന്ന് ഒമാൻ
മസ്കത്ത്: രാജ്യത്ത് റോയൽ ഒമാൻ പൊലീസിൽ രജിസ്ട്രേഷൻ ഫീസ് ഇളവിനൊപ്പം ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നികുതിയും (വാറ്റ്) കസ്റ്റംസ് നികുതിയും ചുമത്തില്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾക്കും കസ്റ്റംസ് താരിഫ് ഇനങ്ങൾക്ക് അനുസൃതമായിരിക്കും ഈ നികുതികളെന്നും അധികൃതർ അറിയിച്ചു. കാറിന് പൂർണമായും ഇലക്ട്രിക് മോട്ടോറോ ഹൈഡ്രജൻ എൻജിനോ ഉണ്ടായിരിക്കണം.
സ്വതന്ത്രമായി നീങ്ങാൻ കഴിയണം. വാഹനം സുൽത്താനേറ്റിൽ ഇലക്ട്രിക് കാർ അല്ലെങ്കിൽ സീറോ എമിഷൻ വെഹിക്കിൾ (ഹൈഡ്രജൻ കാർ) ആയി രജിസ്റ്റർ ചെയ്തിരിക്കണം. സുൽത്താനേറ്റ് അംഗീകരിച്ചിട്ടുള്ള സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേഡുകളും അനുസരിച്ചിരിക്കണം വാഹനങ്ങൾ.
സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തിയിൽനിന്നാണ് കാർ വാങ്ങേണ്ടത്. സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സേവന വിതരണക്കാരന് വൈദ്യുതി വാഹനങ്ങളിലോ ഹൈഡ്രജൻ വാഹനങ്ങളിലോ മാത്രം ഉപയോഗിക്കുന്ന സ്പെയർ പാർട്സുകൾക്ക് വാറ്റ് ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചു.