ഗതാഗത പിഴ ഇളവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ വ്യക്തതവരുത്തി ഷാർജ പോലീസ്
ഷാർജ: യുഎഇയിലെ ഗതാഗത പിഴ ഇളവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ വ്യക്തതവരുത്തി ഷാർജ പോലീസ്. മുൻ വർഷങ്ങളിൽ നടത്തിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഈ മാസം 31 നകം അടയ്ക്കുന്നവർക്ക് 50 ശതമാനം കിഴിവ് അധികൃതർ പ്രഖ്യാപിച്ചിരുന്നു.
പിഴത്തുക പകുതിയാക്കി കുറയ്ക്കുന്നത് കൂടാതെ വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവുകളും ബ്ലാക്ക് പോയന്റുകളും റദ്ദാക്കുകയും ചെയ്യും.
എന്നാൽ ചില ഗുരുതര നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കില്ലെന്ന് പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പിലെ ട്രാഫിക് അവെയർനെസ് ആൻഡ് മീഡിയ ബ്രാഞ്ച് മേധാവി ക്യാപ്റ്റൻ സൗദ് അൽ ഷിബ വ്യക്തമാക്കി.
മദ്യപിച്ചോ നമ്പർ പ്ലേറ്റില്ലാതെയോ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധമോ വാഹനമോടിക്കുക, അതിവേഗം ഓടിക്കുക, പിഴ ഒഴിവാക്കാനായി പോലീസിൽനിന്ന് രക്ഷപ്പെടുക, വാഹനാപകടം ഉണ്ടാക്കുക, ചുവപ്പ് സിഗ്നൽ മറികടക്കുക, വാഹാനാപകടത്തിലൂടെ മറ്റൊരാളുടെ മരണത്തിന് കാരണക്കാരനാവുക, അനുവാദമില്ലാതെ വാഹനത്തിൽ പരിഷ്കാരങ്ങൾ നടത്തുക, അനുമതിയില്ലാതെ അപകടസാധ്യയുള്ള വസ്തുക്കൾ കൊണ്ടുപോവുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ലെന്ന് അൽ ഷിബ വിശദീകരിച്ചു.