രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 തകർന്നു വീണു: മൂന്ന് മരണം
ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21 തകർന്നു വീണ് മൂന്നു പ്രദേശവാസികൾ മരിച്ചു. സൂറത്ത്ഗഡിൽ നിന്ന് പറന്നുയർന്ന വിമാനം പതിവ് പരിശീലനത്തിനിടെ രാജസ്ഥാനിലെ ഹനുമൻഗഡിൽ വീടിനു മുകളിൽ തകർന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബഹലോല്‍ നഗറില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സൂറത്ത്ഗഢില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെ തകരുകയായിരുന്നു. പൈലറ്റ് സുരക്ഷിതനാണെന്ന് സേന അറിയിച്ചു. നിസാര പരിക്കുകളോടെയാണ് പൈലറ്റ് രക്ഷപ്പെട്ടത്. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽനിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി.
ആളുകളുടെ ജീവന്‍ പൊലിയാതിരിക്കാന്‍ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ബിക്കാനീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓം പ്രകാശ് പറഞ്ഞു. 2,000ത്തിലധികം ആളുകള്‍ അപകടസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ടെന്നും പോലീസും ഭരണകൂടവും ക്രമസമാധാനപാലനത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.