അഡ്നോക് ഗ്യാസ് യൂണിറ്റിന്റെ ഓഹരി വില പ്രഖ്യാപിച്ചു
അബൂദബി: അഡ്നോക് ഗ്യാസ് യൂണിറ്റിന്റെ ഓഹരി വില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.37 ദിർഹമാണ് വില. ഇതോടെ കമ്പനിയുടെ മൂല്യം 50 ശതകോടി ഡോളറായി ഉയർന്നു 2.37 ദിര്‍ഹമാണ് ഒരു ഓഹരിയുടെ വിലയെന്നാണ് അഡ്നോക് പ്രസ്താവനയില്‍ അറിയിച്ചത്.
ഓഹരികള്‍ക്ക് ആവശ്യക്കാരേറിയതോടെ നിക്ഷേപകര്‍ക്കായി കമ്പനി നിശ്ചയിച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം നാലു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് അഡ്നോക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
അഡ്നോക് ഓഹരികളോടുള്ള നിക്ഷേപകരുടെ താല്പര്യം അഡ്നോക്കിന്റെ ലോകോത്തര നിലവാരവും അബൂദബി ആഗോള തലസ്ഥാനമായി മാറുന്നതിന്റെ തെളിവുമാണെന്ന് അഡ്നോക് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഖാലിസ് അല്‍ സാബി പറഞ്ഞു.
അഡ്നോക് ഡ്രില്ലിങ്, ഫെര്റ്റിഗ്ലോബ് തുടങ്ങിയ ബിസിനസുകള്‍ കൂടി ഓഹരിവില്പനക്ക് വെച്ചതിലൂടെ അഡ്നോക് ഗ്രൂപ് ബില്യൺ കണക്കിന് ഡോളറുകളാണ് സമാഹരിച്ചത്. യുഎഇയിലെ പ്രകൃതിവാതക സംഭരണത്തിന്റെ 95 ശതമാനവും അഡ്നോക്കിന്റെ കൈവശമാണുള്ളത്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് അഡ്നോക് വാതകം കയറ്റുമതി ചെയ്യുന്നുണ്ട്.
2021 ല്‍ കമ്പനിയുടെ 10 മാസത്തെ വരുമാനം 3.6 ബില്യൺ ഡോളറായിരുന്നു. 2022 ല്‍ ഇത് 4.2 ബില്യണായി വര്‍ധിച്ചു. പ്രതിദിനം 10 ബില്യൺ ക്യുബിക് ഫീറ്റ് വാതകം ഉല്പാദിപ്പിക്കാന് അഡ്നോക്കിന് ശേഷിയുണ്ട്. പ്രതിവര്‍ഷം 29 ദശലക്ഷം ടണ്‍ ആണ് ഉൽപാദന ശേഷി.
അഡ്നോക് ഡ്രില്ലിങ്ങിന് 2022 ല്‍ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ഷോര്‍, ഓയില്‍ ഫീല്‍ഡ് സര്‍വിസസ് ബിസിനസുകളിലാണ് അഡ്നോക് ഡ്രില്ലിങ്ങിന്റെ വരുമാനം വര്‍ധിച്ചത്. 2021ല്‍ 604 ദശലക്ഷം ഡോളറായിരുന്ന അഡ്നോക്കിന്റെ അറ്റാദായം 2022 ല്‍ 802 ദശലക്ഷം ഡോളറായാണ് വര്‍ധിച്ചത്. നിലവില്‍ 115 റിഗുകളാണ് അഡ്നോക്കിനുള്ളത്.
2023 ലേക്ക് കമ്പനി മൂന്നു ശതകോടി ഡോളര്‍ മുതല്‍ 3.2 ശതകോടി ഡോളര്‍ വരെയാണ് അഡ്നോക് വരുമാനം പ്രതീക്ഷിക്കുന്നത്. 850 ദശലക്ഷം ഡോളറില്‍നിന്ന് ഒരു ശതകോടി ഡോളറിലേക്കാണ് കമ്പനി അറ്റാദായം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.
2027 ഓടെ പ്രതിദിന എണ്ണ ഉല്പാദനം 50 ലക്ഷം ബാരലായി വര്‍ധിപ്പിക്കാനാണ് അഡ്നോക് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് അഡ്നോക് ഡ്രില്ലിങ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഈസ് ഇകാഹീമനന് പറഞ്ഞു. മുമ്പ് 2030 ഓടെ 50 ലക്ഷം ബാരല്‍ എണ്ണ ഉൽപാദിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്.