താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
താനൂർ: മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്.
അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.
എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ അപകടം ഉണ്ടാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമ താനൂര്‍ സ്വദേശി പി നാസറിനായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങല്‍ ബീച്ചിലെ താല്കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സര്‍വീസിനായി ബോട്ട് പുറപ്പെട്ടത്. പുറപ്പെട്ട് ഏതാണ്ട് 200 മീറ്ററുകള്‍ പിന്നിട്ടശേഷം തന്നെ ബോട്ട് അപകടത്തില്‍പെടുകയായിരുന്നു.
40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്.
അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. അനുവദനീയമായ സമയം കഴിഞ്ഞതിന് ശേഷവും ബോട്ട് സര്‍വീസ് നടത്തിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിന് പ്രദേശവാസികള്‍ പൊലീസില്‍ കേസ് നല്‍കിയിരുന്നു.